ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ ജീവിതനിലവാരം ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പദ്ധതിയെ മാറ്റിമറിക്കുന്നതിനായി പുതിയ ബില്ല് കൊണ്ടുവരുന്നതിലും പദ്ധതിയുടെ പേരിൽനിന്ന് മഹാത്മാഗാന്ധിയെ ഒഴിവാക്കുന്നതിലും സംസ്ഥാനങ്ങൾക്കുമേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതിലുമാണ് പ്രതിഷേധം.
യുപിഎ സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന, രണ്ടു പതിറ്റാണ്ട് പഴക്കമുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനു പകരമായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വികസിത് ഭാരത് റോസ്ഗാർ ആൻഡ് അജീവിക മിഷൻ ബില്ല് 2025 (വിബിജി റാം ജി) ഇന്നലെ ലോക്സഭയിൽ കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ അവതരിപ്പിച്ചു.
ബില്ല് അവതരണത്തെ പ്രതിപക്ഷ എംപിമാർ എതിർത്തു. എന്നാൽ ബില്ല് അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷ ആരോപണങ്ങളെ തള്ളിക്കളഞ്ഞ കേന്ദ്രമന്ത്രി, സർക്കാർ രാഷ്ട്രപിതാവിനെ വിശ്വസിക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ തത്വങ്ങൾ പിന്തുടരുകയും ചെയ്യുന്നതായി അവകാശപ്പെട്ടു.
മന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ ലോക്സഭയിൽ ബില്ല് അവതരിപ്പിച്ചതോടെ മഹാത്മാഗാന്ധിയുടെ ചിത്രം ഉയർത്തി പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി. പിന്നാലെ സ്പീക്കർ സഭ പിരിച്ചുവിട്ടതോടെ മുദ്രാവാക്യം വിളിച്ചും ഗാന്ധിജിയുടെ ചിത്രം ഉയർത്തിയും എംപിമാർ ഗാന്ധിപ്രതിമയ്ക്കു മുന്പിലേക്കു നീങ്ങി. കേന്ദ്രസർക്കാരിനെതിരേ മുദ്രാവാക്യങ്ങൾ മുഴക്കിയ എംപിമാർ പാർലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്കു മുന്പിലും പഴയ പാർലമെന്റ് മന്ദിരത്തിന്റെ മുകളിലും കയറി പ്രതിഷേധിച്ചു. ബില്ലിന്മേലുള്ള ചർച്ച ലോക്സഭയിൽ ഇന്നുണ്ടാകും.
പതിവിനു വിപരീതമായി പാർലമെന്റിന്റെ പ്രധാന കവാടത്തിൽ പ്രതിഷേധിക്കുന്നതിനു പകരം പാർലമെന്റിന്റെ ഉള്ളിൽനിന്നു മുദ്രാവാക്യങ്ങൾ മുഴക്കി പുറത്തേക്കു പ്രകടനമായി എത്തിയ എംപിമാർ പഴയ പാർലമെന്റ് മന്ദിരം ചുറ്റി ഗാന്ധിപ്രതിമയ്ക്കു മുന്നിലേക്ക് പോകുകയായിരുന്നു.
കോണ്ഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് ടി.ആർ. ബാലു, തൃണമൂൽ കോണ്ഗ്രസ് നേതാവ് സൗഗത റോയ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
രാഷ്ട്രപിതാവിനെ അവഹേളിക്കാൻ അനുവദിക്കില്ലെന്നും മഹാത്മാഗാന്ധി തങ്ങളിലൂടെ ജീവിക്കുമെന്നും മുദ്രാവാക്യം വിളിച്ചായിരുന്നു ഗാന്ധിപ്രതിമയ്ക്കു മുന്പിലേക്ക് പ്രതിപക്ഷം നീങ്ങിയത്. ഗാന്ധിപ്രതിമയ്ക്കു മുന്നിലെ പ്രതിഷേധത്തിനുശേഷം കോണ്ഗ്രസ് നേതാവ് കുമാരി ഷെൽജയുടെ നേതൃത്വത്തിൽ ഏതാനും എംപിമാർ പഴയ പാർലമെന്റ് മന്ദിരത്തിന്റെ പ്രധാന കവാടത്തിനു മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു.
ഇന്നലെ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനുമുന്പ് പാർലമെന്റിന്റെ പ്രധാന കവാടത്തിനു മുന്പിൽ ഇടത് എംപിമാർ ബില്ലിനെതിരേ പ്രതിഷേധിച്ചിരുന്നു.
വിബിജി റാംജി ബില്ലിനെതിരേ ആശങ്കയറിയിച്ച് ടിഡിപിയും
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎൻആർഇജിഎ) പുനഃസ്ഥാപിക്കാനായി കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ച വിബിജി റാം ജി ബില്ലിൽ ബിജെപി സഖ്യകക്ഷിയായ ആന്ധ്രയിലെ തെലുങ്കുദേശം പാർട്ടിയും (ടിഡിപി) ആശങ്ക അറിയിച്ചതായി റിപ്പോർട്ട്.
പദ്ധതിയുടെ ചെലവ് വിഹിതത്തിൽ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കണമെന്ന വ്യവസ്ഥ സംസ്ഥാനസർക്കാരിനു ഭാരമായിരിക്കുമെന്ന് ടിഡിപി നേതാക്കൾ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.